മല width=യാള ഭാഷാ സാഹിത്യത്തിന്‌ മുതല്‍ക്കൂട്ടായ മുസ്‌ലിം വിഭാഗങ്ങളിലെ പണ്ഡിതന്മാര്‍ തയ്യാറാക്കിയ വിവിധ മലയാള ഭാഷകള്‍ ഇനിയും ധാരാളമുണ്ട്‌. കേരള വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന ഹാഫിള്‌ അബ്ദുല്‍ ഗഫാര്‍ മൗലവി തയ്യാറാക്കിയ `അല്‍ഖുര്‍ആന്‍' എന്ന പരിഭാഷ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. കുഞ്ഞിമുഹമ്മദ്‌ പുലവത്തും വി.എസ്‌. സലീമും ചേര്‍ന്ന്‌ തയ്യാറാക്കിയ `ഖുര്‍ആന്‍ മലയാള സാരം' എന്ന പേരില്‍ അറബി മൂലവും ബ്രാക്കറ്റുമില്ലാതെയുള്ള ഒരു മലയാള പരിഭാഷ ആലുവ മനാസ്‌ ഫൗണ്ടേഷന്‍ പുറത്തിറക്കുകയുണ്ടായി. ഖുര്‍ആനിന്റെ ദാര്‍ശനികതയും സാഹിത്യസൗന്ദര്യവും അനുവാചകരെ അനുഭവിപ്പിക്കുന്ന രീതിയില്‍ സയ്യിദ്‌ ഖുത്‌ബ്‌ രചിച്ച ഫീ ളിലാലില്‍ ഖുര്‍ആന്‍' എന്ന അറബി വ്യാഖ്യാനത്തിന്റെ മലയാള വിവര്‍ത്തനം ഈ രണ്ട്‌ പരിഭാഷകരും ചേര്‍ന്ന്‌ `ഖുര്‍ആന്റെ തണലില്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തുകയും ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്‌ എഡിറ്റ്‌ ചെയ്‌ത മനാസ ഫൗണ്ടേഷന്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. 20 വാള്യങ്ങളിലായി മലയാള വിവര്‍ത്തനം തയ്യാറാക്കാനുള്ള ശ്രമം 1995-ലാണ്‌ ആരംഭിച്ചത്‌.അബുല്‍ അഅ്‌ലാ മൗദൂദിയുടെ പ്രസിദ്ധ ഉറുദു വ്യാഖ്യാനമായ `തഫ്‌ഹീമുല്‍ ഖുര്‍ആന്‍' ടി.കെ. അബ്ദുല്ല, ടി. ഇസ്‌ഹാഖലി, ടി.കെ. ഉബൈദ്‌, വി.കെ. അലി എന്നിവര്‍ ചേര്‍ന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയും ആറ്‌ വാള്യങ്ങളിലായി ഐ.പി.എച്ച്‌. പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഒന്നാം വാള്യം 1972-ലും ആറാം വാള്യം 1998-ലും പുറത്തിറങ്ങി. തുടക്കത്തില്‍ വിശദമായ ഒരാമുഖം ചേര്‍ത്തത്‌ വായനക്കാര്‍ക്ക്‌ ഏറെ ഉപകാരപ്രദമാണ്‌. ഓരോ അധ്യായത്തിന്റെയും പരിഭാഷയിലേക്കും വ്യാഖ്യാനങ്ങളിലേക്കും പ്രവേശിക്കുന്നതിന്‌ മുമ്പായി പ്രസ്‌തുത അധ്യായത്തിന്റെ നാമം അവതരണകാലം ഉള്ളടക്കം അവതരണത്തിന്റെ നാമം അവതരണകാലം, ഉള്ളടക്കം അവതരണം പശ്ചാത്തലം പ്രതിപാദ്യവിഷയം മുതലായവ ഉള്‍ക്കൊള്ളുന്ന നല്ലൊരു ആമുഖം ചേര്‍ത്തത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. ഓരോ ആയത്തിന്റെയും പരിഭാഷക്ക്‌ പുറമെ വിശദമായ വ്യാഖ്യാനങ്ങളാണ്‌ ഇതിലുള്ളത്‌. മൗദൂദിയുടെ രാഷ്‌ട്രീയ വീക്ഷണമനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നമുക്ക്‌ കാണാം.

മൗദൂദി താന്‍ ഹനഫി മദ്‌ഹബുകാരനാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു മദ്‌ഹബിനും പ്രധാന്യം കൊടുക്കാതെയും അംഗീകരിക്കാതെയും നാല്‌ മദ്‌ഹബിന്റെ വൃത്തത്തില്‍നിന്ന്‌ പുറത്ത്‌ ചാടി സ്വന്തം മുജ്‌തഹിദായി ചമഞ്ഞുകൊണ്ടുള്ള ഒരു നിലപാടാണ്‌ ഈ തഫ്‌സീറില്‍ സ്വീകരിച്ചത്‌. ഖുര്‍ആനിലെ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളടങ്ങിയ ആയത്തുകള്‍ വ്യാഖ്യാനിക്കുന്നതിന്‌ മുമ്പ്‌ അത്തരം സ്ഥലങ്ങള്‍ നേരിട്ട്‌ പോയി സന്ദര്‍ശിച്ചു എന്ന്‌ മൗദൂദി അവകാശപ്പെടുന്നു. വളരെ ആകര്‍ഷണീയമായ ശൈലിയില്‍ പ്രത്യേകമായ രചനാ വൈഭവത്തോട്‌ കൂടി തയ്യാറാക്കിയ ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സുന്നത്ത്‌ ജമാഅത്തിന്റെ അഖീദക്ക്‌ വിരുദ്ധമായ പലതും സ്ഥലം പിടിച്ചതായി നമുക്ക്‌ കാണാം. ഉദാഹരണമായി ഫാത്തിഹയുടെ വ്യാഖ്യാനത്തില്‍ ഇബാദത്തിന്‌ അനുസരണം, പൂജ എന്നിങ്ങനെയുള്ള അര്‍ത്ഥ കല്‍പന നല്‍കിക്കൊണ്ട്‌ പൂര്‍വ്വസൂരികളായ മുഫസ്സിറുകളെ അവഗണിക്കുകയാണ്‌ മൗദൂദി ചെയ്യുന്നത്‌. ബൈബിളും ഖുര്‍ആനും താരതമ്യം ചെയ്‌തുകൊണ്ടുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും ഇതില്‍നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു. ചരിത്രപരമയാ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും മാപ്പുകളും പടങ്ങളും കൊടുത്തത്‌ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ഹദീസ്‌, ചരിത്രം, ശാസ്‌ത്രം എന്നിവക്കെല്ലാം ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.


മൗദൂദിയുടെ ഉറുദുവിലുള്ള പരിഭാഷായെ ആസ്‌പദമാക്കി ടി.കെ. ഉബൈദ്‌ തയ്യാറാക്കിയതയാണ്‌ `ഖുര്‍ആന്‍ ഭാഷ്യം' എന്ന മലയാള പരിഭാഷ. 1988-ല്‍ ഒറ്റവാള്യത്തിലായി പ്രസിദ്ധീകരിച്ച ഈ പരിഭാഷയില്‍ മൗദൂദിയുടെ തെറ്റായ ആശയങ്ങളും അഭിപ്രായങ്ങളും സ്വന്തമായ വ്യാഖ്യാനങ്ങളും പിന്തുടരാന്‍ പരിഭാഷകന്‍ ശ്രമിച്ചതായി കാണാം. ആയത്തുകളോട്‌ അര്‍ത്ഥത്തിന്‌ പുറമെ അത്യാവശ്യം സ്ഥലങ്ങളില്‍ അടിക്കുറിപ്പും ചേര്‍ത്താണ്‌ പരിഭാഷ തയ്യാറാക്കിയത്‌. സരളമായ ശൈലിയില്‍ നിര്‍വ്വഹിച്ച പരിഭാഷയാണെങ്കിലും കുറേ ആയത്തുകളുടെ അര്‍ത്ഥം ഖണ്ഡിതരൂപത്തില്‍ ഒന്നിച്ചു നല്‍കിയതിനാല്‍ ഓരോ ആയത്തിന്റെ അര്‍ത്ഥവും പ്രത്യേകമായി മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക്‌ പ്രയാസമനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. മലയാള ഭാഷയില്‍ ഏറ്റവും പുതിയ വ്യാഖ്യാന ഗ്രന്ഥമാണ്‌ മുജാഹിദ്‌ നേതാവും ഗ്രന്ഥകാരനുമായ എ. അബ്ദുസ്സലാം സുല്ലമിയുടെ അന്‍വാറുല്‍ ഖുര്‍ആന്‍'. ഇതിന്റെ പരിഭാഷക്ക്‌ പുറമെ വാക്കര്‍ത്ഥവും, വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്‌. പ്രബോധനം വാരികയില്‍ ടി.കെ. ഉബൈദ്‌ എഴുതിയ `ഖുര്‍ആന്‍ ബോധനം' പരിഭാഷാ രൂപത്തില്‍ ഐ.വി.എച്ച്‌. പ്രസിദ്ധകീരിച്ചിട്ടുണ്ട്‌. പരിഭാഷയും വാക്കര്‍ത്ഥങ്ങളും വിശദമായ വ്യാഖ്യാനങ്ങളും പരിഭാഷാ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു.


വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷകളും നിരവധിയാണ്‌. ഖുര്‍ആനിലെ ചില പ്രത്യേക അധ്യായങ്ങള്‍ തെരഞ്ഞെടുത്ത്‌ അവയുടെ പരിഭാഷയും വ്യാഖ്യാനങ്ങളും നിര്‍വ്വഹിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. ഭാഗികമായ പരിഭാഷകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യമായി രംഗത്ത്‌ വരുന്നത്‌ നാം മുമ്പ്‌ സൂചിപ്പിച്ചത്‌ പോലെ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്‌. അദ്ദേഹം `അല്‍ ഇസ്‌ലാം' മാസികയില്‍ 1918 മുതല്‍ അറബി മലയാളത്തിലും 1931 മുതല്‍ മലയാളത്തിലും പ്രസദ്ധീകരിച്ചിരുന്ന പരിഭാഷയാണ്‌ ആദ്യത്തെ ഭാഗികമായ പരിഭാഷയായി അറിയപ്പെടുന്നത്‌. റഹ്‌മാന്‍ റഹീം എന്നതിന്‌ പരമ കാരുണികന്‍, കരുണാനിധി എന്നീ പദങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്‌ വക്കം മൗലവിയാണെന്ന്‌ ചരിത്രങ്ങളില്‍ കാണുന്നു.


ഭാഗികമായ മലയാള പരിഭാഷകളില്‍ രണ്ടാം സ്ഥാനം മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ശ്രമങ്ങള്‍ക്കാണ്‌ 1935-ല്‍ ആദ്യത്തെ രണ്ട്‌ ജുസ്‌ഉകളുടെ പരിഭാഷ രണ്ട്‌ വാള്യങ്ങളിലായി യഥാക്രമം കോഴിക്കോട്‌, തലശ്ശേരി എന്നിവിടങ്ങളില്‍നിന്ന്‌ പ്രസിദ്ധീകരിച്ചു. പരിഭാഷ നിര്‍വ്വഹിച്ചത്‌ കെ.എം. മൗലവി, പി.കെ. മൂസ മൗലവി, എം.സി.സി. അബ്ദുറഹ്‌മാന്‍ മൗലവി എന്നിവരാണ്‌. ഏഴര ജുസ്‌ഇന്റെ പരിഭാഷ വരെ ഇവര്‍ തയ്യാറാക്കിയെങ്കിലും, സൊസൈറ്റിയിലുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങല്‍ ഈ ശ്രമം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ 1938-ല്‍ ഈ സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു പി.കെ. മൂസ മൗലവി, പി. മുഹമ്മദ്‌ മുഹ്‌യിദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന്‌ അമ്മ ജുസ്‌ഇന്റെ പരിഭാഷയും വാക്കര്‍ത്ഥവും വ്യാഖ്യാനവും ചേര്‍ന്ന ഒരു പരിഭാഷാ ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി. ഇവര്‍ തന്നെ 1947-ല്‍ 27-ാം ജുസ്‌ഉം, 1948-ല്‍ 28-ാം ജുസ്‌ഉം 1949-ല്‍ 29-ാം ജുസ്‌ഉം പരിഭാഷപ്പെടുത്തുകയുണ്ടായി. പിന്നീട്‌ വക്കം മുഹമ്മദ്‌ മുഹ്‌യിദ്ദീന്‍ സാഹിബ്‌ സൂറത്തുല്‍ കഹ്‌ഫ്‌ വരെയുള്ള അധ്യായങ്ങളുടെ പരിഭാഷയും വ്യാഖ്യാനവും നിര്‍വ്വഹിക്കുകയും 1945-ല്‍ അത്‌ പുറത്തിറക്കുകയും ചെയ്‌തു. മുഹമ്മദുബ്‌നു അബ്ദുല്‍ ഖാദര്‍ അല്‍ബാഖവി ബംഗ്ലൂരിലെ അഡ്വക്കറ്റായിരുന്ന എ.ജെ. ജലീല്‍ സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം ഒന്നാം ജുസ്‌ഇന്റെ പരിഭാഷ തയ്യാറാക്കുകയും 1954-ല്‍ അത്‌ ബാംഗ്ലൂരില്‍നിന്ന്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇടശ്ശേരി മൗലവി എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‌ ഹൈദരാബാദ്‌ നൈസാമിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ ബഖറ എന്നിവയുടെ പരിഭാഷ അറബി മൂലമില്ലാതെ 1986-ല്‍ അദ്ദേഹം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.


വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആയത്തുകളുടെ പരിഭാഷ ആദ്യമായി പുറത്തിറക്കിയത്‌ വര്‍ക്കല സ്വദേശി അബ്ദുല്‍ ഖാദര്‍ സാഹിബായിരുന്നു. 1950-ലാണ്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇസ്‌ലാമിക പണ്ഡിതനല്ലാത്ത എം.എന്‍. കാരശ്ശേരി തന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുത്ത ചില ആയത്തുകളുടെ പരിഭാഷയടങ്ങിയ ഒരു ലഘുപുസ്‌തകം 1988-ല്‍ പ്രസിദ്ധീകരിച്ചു. വിമര്‍ശനവിധേയമായ ഈ കൃതിക്ക്‌ അദ്ദേഹം പേര്‌ നല്‍കിയത്‌ `തിരുവരുള്‍' എന്നാണ്‌. സൂറത്തു യാസീന്‍, അല്‍കഹ്‌ഫ്‌, സൂറത്തുന്നൂര്‍, അമ്മ ജുസ്‌അ്‌ മുതലായവയുടെ പരിഭാഷകള്‍ വേറെ പല പണ്ഡിതന്മാരും തയ്യാറാക്കിയത്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. 1999-ല്‍ അല്‍ഹുദാ ബുക്‌ സ്റ്റാള്‍ പുറത്തിറക്കിയ സൂറത്തുല്‍ കഹ്‌ഫിലെ പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കിയത്‌ സി. ഹംസ സാഹിബാണ്‌.


വ്യത്യസ്‌ത ജുസ്‌ഉകളുടെയും സൂറത്തുകളുടെയും പരിഭാഷകള്‍ തയ്യാറാക്കിയ പണ്ഡിതന്മാര്‍ വേറെയും ധാരാളമുണ്ട്‌. 1932-ല്‍ സൂറത്തുല്‍ അസ്‌റിന്റെ പരിഭാഷ പി. അബ്ദുല്‍ ഖാദര്‍ മൗലവിയും 1949-ല്‍ സൂറത്തുല്‍ ഹുജറാത്തിന്റെ പരിഭാഷ വി.വി. മുഹമ്മദ്‌ മൗലവിയും 1951-ല്‍ അമ്മ തബാറക ജുസ്‌ഉകളുടെയും സൂറത്തു യാസീനിന്റെയും പരിഭാഷ കുഞ്ഞുബാവ മുസ്‌ലിയാരും 1953-ല്‍ സൂറത്തുല്‍ ഫാതിഹയുടെ പരിഭാഷ മൗലവി മുഹമ്മദ്‌ ഖാനും 1977-ല്‍ സ്‌ത്രീകളുമായി ബന്ധപ്പെട്ട്‌ ആയത്തുകളുടെ പരിഭാഷ ഡോ. മുഹമ്മദലിയും 1977-1989 വരെയുള്ള കാലഘട്ടങ്ങളില്‍ ഡോ. കമാല്‍ പാഷ, ഹബീബ്‌ പാഷ എന്നിവര്‍ ചേര്‍ന്നു വിശുദ്ധ ഖുര്‍ആനിലെ ഏതാനും ജുസ്‌ഉകളുടെയും സൂറത്തുകളുടെയും പരിഭാഷയും 1978-ല്‍ അബൂബക്കര്‍ ഹസ്‌റത്ത്‌ സൂറത്തുന്നൂര്‍ പരിഭാഷയും 1983-ല്‍ ശൈഖ്‌ ഫരീദ്‌ മൗലവി സൂറത്തു സില്‍സാലിന്റെ പരിഭാഷയും 1983-ല്‍ ടി.സി. മുഹമ്മദ്‌ മൗലവി സൂറത്തുല്‍ ഫാതിഹയുടെ പരിഭാഷയും 1984-ല്‍ എ.എ. ഹമീദ്‌ മദനി യൂസുഫലിയുടെ ഇംഗ്ലീഷ്‌ പരിഭാഷയിലെ സൂറത്തുല്‍ ഫാത്തിഹ, അല്‍ബഖറ എന്നിവയുടെ പരിഭാഷയുടെയും വ്യാഖ്യാനത്തിന്റെയും മലയാള വിവര്‍ത്തനവും 1985-ല്‍ കെ.എ. റശീദ്‌ സൂറത്തുല്‍ ഫാത്തിഹ, അമ്മ ജുസ്‌അ്‌ ഇവയുടെ പരിഭാഷയും 1985-ല്‍ ഇ.എന്‍. ഇബ്രാഹീം മൗലവി അമ്മജുസ്‌ഇന്റെ പരിഭാഷയും 1992-ല്‍ കെ.കെ. സുഹറ സൂറത്തുല്‍ ഹുജറാത്തിന്റെ പരിഭാഷയും പുറത്തിറക്കുകയുണ്ടായി. ഇങ്ങനെ പല പണ്ഡിതന്മാരും വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷ പൂര്‍ണമായും ഭാഗികമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


മുകളില്‍ പ്രസ്‌താവിച്ച ഖുര്‍ആന്‍ പരിഭാഷകളില്‍നിന്ന്‌ ഭിന്നമായതും പൂര്‍ണമായും ഇസ്‌ലാമിക വിരുദ്ധമായതുമായ ചില ഖുര്‍ആന്‍ പരിഭാഷകളെകുറിച്ച്‌ ചെറിയ തോതില്‍ പരിചയപ്പെടുത്താനാണ്‌ ഇനി ഉദ്ദേശിക്കുന്നത്‌. മുസ്‌ലിം മോഡേണിസ്റ്റായ ഡോ. പി. മുഹമ്മദലി തയ്യാറാക്കിയ പരിഭാഷയാണ്‌ അവയിലൊന്ന്‌. വിശുദ്ധ ഖുര്‍ആനിന്റെ ക്രമീകരണത്തെ മാറ്റിമറിക്കുകയും ഹദീസ്‌ ശരീഫിനെ പാടെ നിഷേധിക്കുകയും പരിശുദ്ധ ഖുര്‍ആന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെയും ആശയങ്ങളെയും വളച്ചൊടിച്ച്‌ ഇഷ്‌ടാനുസരണം വ്യാഖ്യാനം നല്‍കിക്കൊണ്ടുമാണ്‌ ഇയാള്‍ തന്റെ പരിഭാഷ തയ്യാറാക്കിയത്‌. ഒന്നാം വാള്യത്തില്‍ സ്‌ത്രീയെക്കുറിച്ചുള്ള ആയത്തുകളുടെ പരിഭാഷ മലയാളത്തിലും രണ്ടാം വാള്യത്തില്‍ ഇസ്‌ലാം എന്ന വിഷയത്തെക്കുറിച്ചുള്ള ആയത്തുകള്‍ ഇംഗ്ലീഷിലും വ്യാഖ്യാനത്തിന്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌ ഹൈദരാബാദിലെ മറ്റൊരു മുസ്‌ലിം മോഡേണിസ്റ്റായ ഹാശിം അമീറലിയാണ്‌. അമീറലി ഇംഗ്ലീഷില്‍ തയ്യാറാക്കിയ പരിഭാഷയെക്കുറിച്ച്‌ പിന്നീട്‌ പ്രതിപാദിക്കുന്നതാണ്‌. ഇവര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സിയോണിസ്റ്റുകളുടെയും ഓറിയന്റലിസ്റ്റുകളുടെയും വ്യാഖ്യാനങ്ങളെപോലും കടത്തിവെട്ടുന്ന രീതിയിലാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതയും കാലികതയും, ദൈവികതയുമൊക്കെ ചോദ്യം ചെയ്യുന്നതും ഇസ്‌ലാമിക വിശ്വാസങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന തരത്തിലുള്ളതുമാണ്‌ ഈ രണ്ട്‌ പരിഭാഷകളും. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളായ നിസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ മുതലായവയെ നിഷേധിക്കുകയും ഖുര്‍ആന്‍ കല്‍പിച്ച പര്‍ദ്ദയെ തള്ളിപ്പറയുകയും ഹറാമായ പലിശയെ ഹലാലാക്കുകയും ചെയ്യുന്ന തരത്തിലാണ്‌ മുഹമ്മദലിയുടെ വ്യാഖ്യാനങ്ങള്‍.


മറ്റൊരു ക്ഷുദ്രകൃതിയാണ്‌ ഇരുമ്പഴിക്കാരന്‍ മുഹ്‌യിദ്ദീന്‍ മുഹമ്മദ്‌ തയ്യാറാക്കിയ ഖുര്‍ആനിന്റെ ആത്മാവ്‌ എന്ന പേരിലുള്ള ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും. വിശുദ്ധ ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടും ഹദീസ്‌ കൊണ്ടും വിശദീകരിക്കുകയാണ്‌ ഇതില്‍ ചെയ്‌തിട്ടുള്ളതെന്നും സ്വന്തമായ അഭിപ്രായമോ, ആശയമോ എവിടെയും ചേര്‍ത്തിട്ടില്ലെന്നും തന്റെ വ്യാഖ്യാനത്തിന്റെ ആമുഖത്തിലെഴുതിയ ഗ്രന്ഥകര്‍ത്താവ്‌ പല സ്ഥലത്തും ഈ അവകാശ വാദത്തെ ലംഘിച്ചതായി കാണാം. ഈ തഫ്‌സീറിന്റെ മുഖവുര പതിമൂന്നാം പേജില്‍ `മുഹമ്മദ്‌ നബി ബദ്‌രീങ്ങള്‍ മുഹ്‌യിദ്ദീന്‍ശൈഖ്‌ മുതലായവരോട്‌ തവസ്സുല്‍ ഇസ്‌തിഗാസ നടത്തുന്നതും പാടിപ്പുകഴ്‌ത്തുന്നതും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതും കുഫ്‌റാണെന്ന്‌ എഴുതിയിട്ടുണ്ട്‌. ഇതേ പേജില്‍തന്നെ ഇയാള്‍ എഴുതുന്നത്‌ കാണുക `ഇന്ന്‌ സമൂഹത്തില്‍ മുസ്‌ലിംകളിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രകൃതിമതമായ ഇസ്‌ലാം നിഴലിച്ച്‌ കാണുന്നത്‌ ഹൈന്ദവരിലും ക്രൈസ്‌തവരിലും നിരീശ്വരവാദികളിലുമാണെന്ന്‌ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്‌' സര്‍വ്വ മത സത്യവാദം അബദ്ധമെന്ന തലക്കെട്ടിലെഴുതിയ ഈ വാചകം തന്നെ ഈ വാദത്തിലേക്ക്‌ ഇയാളെ കൂട്ടിക്കൊണ്ട്‌ പോകുകയല്ലേ ചെയ്യുന്നത്‌. സ്വന്തമായി ഒന്നും എഴുതുകയില്ലെന്ന ഇയാളുടെ വാദം ആമുഖവും വായിച്ചാല്‍ തന്നെ പൊളിയുന്നതായി കാണാം.


ഫാത്തിഹയിലെ ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുന്നു എന്നതിനു ഞങ്ങള്‍ നിനക്ക്‌ വേണ്ടി മാത്രം ജീവിക്കുന്നു. അതിന്‌ നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു എന്ന്‌ പരിഭാഷ നല്‍കുക വഴി ഖുര്‍ആനിനെയും സുന്നത്തിനെയും അവഗണിക്കുകയും ലോകത്ത്‌ കഴിഞ്ഞുപോയ മുഴുവന്‍ മുഫസ്സിറുകളുടെയും ഇസ്‌ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായങ്ങളെ തള്ളക്കളയുകയും നിഷേധിക്കുകയാണ്‌ ഈ വിദ്വാന്‍ ചെയ്യുന്നത്‌. ഖുര്‍ആനിന്റെ ആത്മാവിനെ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാനാണെന്ന വ്യാജേന സ്വയം ഖുര്‍ആന്‍ വ്യാഖ്യാതാവായി ചമഞ്ഞ ഈ വിരുതന്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമായതും അല്ലാത്തതുമായ ആരാധനാ കര്‍മങ്ങളെ പാടെ നിഷേധിച്ചുകൊണ്ട്‌ വെറും കന്നുകാലികളെപ്പോലെ ജീവിക്കാനാണോ ഉദ്ദേശിക്കുന്നത്‌? ഖുര്‍ആനില്‍ ഉപയോഗിച്ച `ഇബാദത്ത്‌' എന്ന പദങ്ങള്‍ മിക്കതിനും `ജീവിക്കല്‍' എന്നര്‍ത്ഥം നല്‍കിയ ഈ ഇമ്മിണി ബല്യ മുഫസ്സിര്‍' നിസ്‌കാരവും നോമ്പും മറ്റും ആരാധനാകര്‍മങ്ങളൊന്നുമില്ലാത്ത `പോത്ത്‌' ജീവിതത്തിലേക്കാണോ മുസ്‌ലിം സമൂഹത്തെ തെളിച്ചുകൊണ്ടുപോകുന്നതെന്ന്‌ വായനക്കാര്‍ ചിന്തിച്ചുനോക്കണം. ചില സ്ഥലങ്ങളില്‍ മുജാഹിദുകള്‍ ചെയ്‌തതുപോലെ വിളിച്ചു പ്രാര്‍ത്ഥിക്കല്‍' എന്ന അര്‍ത്ഥവും ഇബാദത്തിന്‌ നല്‍കിയതായി കാണാം. ചേകനൂരിനെപ്പോലെ പുതിയ മദ്‌ഹബുണ്ടാക്കി മുസ്‌ലിം ബഹുജനങ്ങളെ വഴിപിഴപ്പിക്കാന്‍ ഇരുമ്പഴിക്കാരന്‍ ശ്രമിക്കുന്നത്‌ ഒരിക്കലും വിജയിക്കില്ല. വായനക്കാര്‍ ഇത്തരം ഗ്രന്ഥങ്ങളെ കരുതലോടുകൂടി മാത്രമേ സമീപിക്കാവൂ എന്ന പ്രത്യേകം ഉണര്‍ത്തുകയാണ്‌. അതുപോലെതന്നെ ഈ ഗ്രന്ഥത്തിന്റെ 160-ാം പേജില്‍ ഇസ്‌മിന്റെ പണിക്കാര്‍, തങ്ങന്മാര്‍ മുതലായവരെ മനുഷ്യപിശാചുക്കളായി വിശേഷിപ്പിക്കുന്നു. 735-ാം പേജില്‍ അറുക്കുമ്പോഴും തിന്നുമ്പോഴും ബിസ്‌മി ചൊല്ലിയതുകൊണ്ട്‌ അനുവദനീയമാകുകയില്ലെന്നും പുരോഹിതന്മാര്‍ക്കോ പള്ളികള്‍ക്കോ അനാഥ ശാലകള്‍ക്കോ സമ്പാദ്യത്തില്‍നിന്ന്‌ ഒരു ഭാഗം നീക്കിവെക്കാന്‍ പാടില്ലെന്നും ഇയാള്‍ എഴുതിപ്പിടിപ്പിക്കുന്നു. ഇങ്ങനെ ഇസ്‌ലാമിനെ തകര്‍ക്കുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഈ സാധു മനുഷ്യന്‌ മുസ്‌ലിംകളില്‍ ഒരു ചലനവും വരുത്താന്‍ ഇതുവരെ കഴിഞ്ഞില്ലിട്ടില്ലെന്നതും രസാവഹമാണ്‌.


ഖാദിയാനികളുടെ കേരളത്തിലെ മുബല്ലിഗായിരുന്ന മൗലവി മുഹമ്മദ്‌ അബുല്‍ വഫ തയ്യാറാക്കിയ `വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ' എന്ന പരിഭാഷാഗ്രന്ഥം ഇംഗ്ലണ്ടിലെ ഇസ്‌ലാം ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍സ്‌ 1991-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഖാദിയാനി വിശ്വാസത്തിനനുസരിച്ച്‌ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്‌തും തട്ടിക്കൂട്ടിയ ഈ പരിഭാഷ പൂര്‍ണ്ണമായും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക്‌ നിരക്കാത്തതാണെന്നതില്‍ സംശയമില്ല. ഈ ഗ്രന്ഥം തയ്യാറാക്കുന്നതിന്‌ പരിഭാഷകന്‍ അവലംബമാക്കിയത്‌ ഖാദിനായി നേതാവായിരുന്ന ശേര്‍ ആലി സാഹിബിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും മീര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ്‌ അഹമ്മദിന്റെ ഉറുദു വ്യാഖ്യാനവുമാണ്‌.


സൂറത്തുന്നിസാഇലെ 159-ാം ആയത്തിന്റെ (എങ്കിലും അല്ലാഹു അദ്ദേഹത്തെ തന്നിലേക്ക്‌ ഉയര്‍ത്തുകായണുണ്ടായത്‌)വ്യാഖ്യാനത്തില്‍ റഫഅ എന്ന പദത്തിന്റെ അര്‍ത്ഥം ശാരീരികമായി ഉയര്‍ത്തി എന്നല്ലെന്നും മറിച്ച്‌ ആത്മീയമായി ഉയര്‍ത്തി അഥവാ, ദൈവസാമീപ്യത്തില്‍ ഉയര്‍ത്തി എന്നാണെന്നു (പേ. 202) അദ്ദേഹം എഴുതുന്നു. ഈസാനബി(അ) മരിച്ചുപോയി എന്ന ഖാദിയാനികളുടെ വാദം സ്ഥാപിക്കാനാണ്‌ ഇവിടെ പരിഭാഷകന്‍ പണിപ്പെടുന്നത്‌. മാത്രമല്ല, സൂറത്തുല്‍ മായിദയിലെ 117-ാം ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഈസാനബി മരിച്ചുപോയിരിക്കുന്നു എന്ന്‌ അദ്ദേഹം വ്യക്തമായി എഴുതുകയും ചെയ്യുന്നു. അതുപോലെ സൂറത്തുനംലിലെ 19-ാം ആയത്തിലെ നംല്‌ എന്നതിന്‌ `നംല്‌' സമുദായത്തിലെ ഒരു സ്‌ത്രീ പറഞ്ഞു എന്ന്‌ പരിഭാഷപ്പെടുത്തിയതിലൂടെ പ്രവാചകന്മാരുടെ `മുഅ്‌ജിസത്ത്‌' പരിഭാഷകന്‍ നിഷേധിക്കുന്നു. അതേ സൂറത്തിലെ 40-ാം ആയത്തില്‍ പറഞ്ഞ ജിന്ന്‌ എന്നതിന്‌ മലമ്പ്രദേശ വാസികളില്‍നിന്ന്‌ ശക്തനായ ഒരു നേതാവ്‌ പറഞ്ഞു' എന്ന്‌ അര്‍ത്ഥകല്‍പന നല്‍കുന്നതിലൂടെ ഖുര്‍ആനില്‍ പറഞ്ഞ ജിന്ന്‌ വിഭാഗത്തെയും പാടെ തള്ളിപ്പറയുന്നു. അതുപോലെതന്നെ സൂറത്തുല്‍ ജിന്നിലെ പറയുക ജിന്നുകളില്‍ ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടു എന്ന്‌ എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടു എന്ന ആയത്തിന്റെ വിശദീകരണത്തിലും ജിന്നിനെ നിഷേധിച്ചുകൊണ്ട്‌ അവര്‍ മക്കയുടെ വെളിയില്‍ പാര്‍ത്തിരുന്ന യഹൂദികളാണെന്നും അവര്‍ മറഞ്ഞുനിന്നുകൊണ്ട്‌ ഖുര്‍ആന്‍ കേള്‍ക്കാന്‍ കാരണം മറ്റ്‌ ജനങ്ങളെ ഭയന്നിട്ടാണെന്നും ഗ്രന്ഥകര്‍ത്താവ്‌ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അപ്രകാരം തന്നെ സൂറത്തുന്നംലിലെ 83-ാം ആയത്തിലെ സൂചന പ്ലേഗിന്റെ കൃമികളാണെന്നും, അതല്ല വാഗ്‌ദത്ത മസീഹിനെതിരെ ആസുത്രിത പ്രവര്‍ത്തനം നടത്തുന്ന പണ്ഡിത സമൂഹമാണെന്നും ഈ പരിഭാഷകന്‍ തട്ടിവിടുന്നു. സൂറത്തുല്‍ അഹ്‌സാബിലെ 41-ാം ആയത്തില്‍ പറഞ്ഞ അന്ത്യപ്രവാചകന്‍ എന്നതിന്‌ പ്രവാചകശ്രേഷ്‌ഠന്‍ എന്ന്‌ വ്യാഖ്യാനം നല്‍കിക്കൊണ്ട്‌ മീര്‍സാഗുലാം അഹ്‌മദ്‌ ഖാദിയാനിയുടെ പ്രവാചകത്വം സ്ഥാപിക്കാന്‍ ഈ പരിഭാഷകന്‍ വെറും ഒരു പാഴ്‌വേല നടത്തിയതായും നമുക്ക്‌ കാണാം. ഖാദിയാനികളുടെ ഈ മലയാള പരിഭാഷയിലെയും വ്യാഖ്യാനങ്ങളിലേയും ചില വളച്ചൊടിക്കലുകളും ദുര്‍വ്യാഖ്യാനങ്ങളും വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഇവിടെ ചെയ്‌തത്‌. മലയാളത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‌ പൂര്‍ണ്ണമായും ഭാഗികമായും പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കിയവര്‍ ഇനിയുമുണ്ട്‌. വളരെ പ്രധാനപ്പെട്ട്‌ മാത്രമാണ്‌ ഇവിടെ ചര്‍ച്ചക്ക്‌ വിധേയമാക്കിയിട്ടുള്ളത്‌.


വിശുദ്ധ ഖുര്‍ആന്‍ കാവ്യപരിഭാഷകള്‍ 


പരിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണവും ഭാഗികവുമായ പരിഭാഷ തയ്യാറാക്കാന്‍ മുസ്‌ലിംകള്‍ മുന്നോട്ട്‌ വന്നപ്പോള്‍ ഖുര്‍ആനികാശയങ്ങളുടെ പരിഭാഷ മനോഹരമായ കവിതാരൂപത്തില്‍ തയ്യാറാക്കാന്‍ അമുസ്‌ലിം പണ്ഡിതന്മാരും ശ്രമിക്കുകയുണ്ടായി. വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ വായിച്ചു ഖുര്‍ആനികാശയങ്ങളില്‍ ആകൃഷ്‌ടരാകുകയും ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ ഇടവന്നപ്പോള്‍ തങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയല്ലെങ്കിലും അതിന്റെ പ്രത്യേകമായ താളാത്മകതയും ഈണവും മാസ്‌മരിക ശക്തിയും കാവ്യഭംഗിയും അവരെ ഈ ഉദ്യമത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. മാത്രമല്ല, ഇസ്‌ലാമിനെകുറിച്ചും മുഹമ്മദ്‌നബി(സ്വ)യെകുറിച്ചുമുള്ള മലയാളത്തിലും മറ്റ്‌ ഭാഷകളിലുമുള്ള സാഹിത്യങ്ങള്‍ വായിക്കുകയും വിശുദ്ധ ഖുര്‍ആനിക സന്ദേശങ്ങള്‍ ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക്‌ വെളിച്ചവും മാര്‍ഗദര്‍ശനവുമാണെന്ന്‌ ബോധ്യപ്പെട്ടതില്‍നിന്നുണ്ടായ പ്രത്യേകമായ ഒരാവേശമാണ്‌ പുതിയൊരു രീതിയില്‍ ഈ സന്ദേശങ്ങള്‍ ലോകത്തിന്‌ മുമ്പില്‍ സമര്‍പിക്കാന്‍ ഞങ്ങള്‍ തയ്യാറായതെന്ന്‌ ഈ കാവ്യപരിഭാഷകര്‍ അഭിപ്രായപ്പെടുന്നു.


ഒന്നാമതായി പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം -ചുനങ്ങാട്‌ സ്വദേശി കെ.ജി. രാഘവന്‍ നായര്‍ വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പരിഭാഷകളും മറ്റ്‌ ഇസ്‌ലാമിക ഗ്രന്ഥങ്ങളും വായിക്കുകയും പണ്ഡിതന്മാരുമായി കൂടിയാലോചിക്കുകയും ചെയ്‌തശേഷം തയ്യാറാക്കിയ ഖുര്‍ആനിന്റെ കാവ്യപരിഭാഷയായ `അമൃതവാണി'യാണ്‌ ഈ രംഗത്തെ ഒന്നാമത്തെ സംഭാവന. 1997-ല്‍ ഐ.പി.എച്ച്‌. ഇത്‌ പ്രസിദ്ധീകരിച്ചു. `ബിസ്‌മി'യുടെ കാവ്യപരിഭാഷ അമൃതവാണിയില്‍ നല്‍കുന്നത്‌ ഇപ്രകാരമാണ്‌.


കാരുണ്യ സിന്ധുവാം മല്ലാഹുവിന്‍ തിരു-


നാമത്തിലോതുന്നു ദിവ്യമാം സൂക്തികള്‍.


`ദിവ്യദീപ്‌തി' എന്ന കാവ്യപരിഭാഷ രചിച്ച കോന്നിയൂര്‍ രാഘവന്‍ നായര്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയൂര്‍ സ്വദേശിയാണ്‌. തിരുവനന്തപുരം റേഡിയോ നിലയത്തില്‍നിന്ന്‌ ഖുര്‍ആന്‍ പാരായണം കേള്‍ക്കാനിടവരികയും അതിന്റെ ഈണത്തില്‍ ആകൃഷ്‌ടനാവുകയും ചെയ്‌ത രാഘവന്‍ നായര്‍ ഖുര്‍ആനിന്റെ കാവ്യപരിഭാഷ തയ്യാറാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. യൂസുഫലി പിക്താള്‍ മുതലായവരുടെ ഇംഗ്ലീഷ്‌ പരിഭാഷകളും സി.എന്‍. അഹ്‌മദ്‌ മൗലവി, മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി മുതലായവരുടെ മലയാള പരിഭാഷകളും അവലംബിച്ചുകൊണ്ടാണ്‌ `ദിവ്യദീപ്‌തി' രചിക്കപ്പെട്ടത്‌. `ബിസ്‌മി'യുടെ കാവ്യപരിഭാഷ ദിവ്യദീപ്‌തിയില്‍ നല്‍കുന്നതിപ്രകാരമാണ്‌.


പരമദയാലുവായ്‌ ദാക്ഷീണ്യശാലിയായ്‌


സകലേശന്റെ തിരുനാമത്തിലാരംഭിപ്പൂ


പത്തനം തിട്ടയിലെ കോന്നിക്ക്‌ സമീപമുള്ള വകയാര്‍ ഗ്രാമത്തില്‍ ജനിച്ച നിത്യ ചൈതന്യയതി മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്‌. ഭഗവദ്‌ഗീത, സ്വാദ്ധ്യായം, ദൈവം സത്യമോ മിഥ്യയോ?, നന്മയിലേക്ക്‌ ഒരു വഴി മുതലായവ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്‌. പരിശുദ്ധ ഖുര്‍ആന്‌ ഹൃദയാജ്ഞലി' എന്നാണ്‌ അദ്ദേഹം രചിച്ച കാവ്യപരിഭാഷയുടെ നാമം.


പരമകാരുണികനും, ദയാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍' എന്നാണ്‌ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ `ബിസ്‌മി'യുടെ കാവ്യപരിഭാഷ നല്‍കുന്നത്‌. ഫാതിഹ, അല്‍ബഖറ, യാസീന്‍ എന്നിവയുടെ പരിഭാഷയാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌.


 ‌