width=    ഖുര്‍ആന്‍ പരിഭാഷകളുടെ ചരിത്രം തികഞ്ഞ സൂക്ഷ്മതയോടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന്  നമുക്ക് അവകാശപ്പെടാന്‍ സാധ്യമല്ല. കാരണം ഈ വിഷയം ഇനിയും വിശദമായ പഠനത്തിനു വിധേയമായിട്ടില്ല എന്നതുതന്നെ. വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങളിലും വ്യാഖ്യാതാക്കളുടെ ചരിത്രങ്ങളിലും മറ്റു ചിതറിക്കിടക്കുന്നവ മാത്രമാണ് ഈ വിഷയത്തില്‍ നമ്മുടെ കൈയിലുള്ള വിജ്ഞാനം. നമ്മുടെ അഭിപ്രായത്തില്‍ ഈ വിഷയത്തില്‍ സമഗ്രമായ ഒരു പഠനം നിര്‍വഹിക്കപ്പെടാതിരിക്കാന്‍ കാരണം ഖുര്‍ആന്‍ തര്‍ജ്ജമകളുടെ ഒരു സമ്പൂര്‍ണ്ണ പട്ടികയുടെ അഭാവമാണ്. വിശിഷ്യാ, കൈയെഴുത്തു പ്രതികളുടെ അഭാവം.
ഈ മേഖലയില്‍ ആധുനികമായ ചില പരിമിത ഉദ്ദ്യമങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, ചരിത്രത്തിലേക്കു നോക്കുമ്പോള്‍ ഖുര്‍ആന്‍ പരിഭാഷയുടെ രംഗത്ത് അര്‍പ്പിക്കപ്പെട്ട പ്രഥമ സേവനങ്ങള്‍ നമുക്ക് ഇപ്രകാരം ക്രമീകരിക്കാം:
ഹിജ്‌റ ഒന്നാം ശതകത്തിന്റെ അവസാന പകുതിയില്‍- ഹജ്ജാജ് ബിന്‍ യൂസുഫിന്റെ ഭരണകാലത്ത്-  അമുസ്‌ലിംകള്‍ തയ്യാറാക്കിയ സുരിയാനി പരിഭാഷകള്‍.
ഹിജ്‌റ 127 ല്‍ എഴുതപ്പെട്ട ബള്‍ബേറിയന്‍ ബര്‍ബേറിയന്‍ പരിഭാഷകള്‍ ഉണ്ടാവാനുള്ള സാധ്യത.
ഹിജ്‌റ 255 നു മുമ്പുള്ള മൂസ ബിന്‍ യസാര്‍ അല്‍ അസ്വാരിയുടെ പേര്‍ഷ്യന്‍ വാചാ പരിഭാഷ.
ഹിജ്‌റ 270 നു മുമ്പ് ഒരു സമ്പൂര്‍ണ്ണ ഹിന്ദി പരിഭാഷ.
മുസ്‌ലിം സമൂഹങ്ങള്‍ സംസാരിക്കുന്ന ഭാഷകളില്‍ തയ്യാറാക്കപ്പെട്ടതും മൂല ഗ്രന്ഥങ്ങള്‍ ലഭിക്കുകയോ  വ്യക്തമായ വിവരങ്ങള്‍ കിട്ടുകയോ ചെയ്തിട്ടുള്ളതുമായ പരിഭാഷകള്‍ താഴെ പറയുംപ്രകാരമാണ്:

പ്രഥമ പേര്‍ഷ്യന്‍ പരിഭാഷകള്‍
മുസ്‌ലിം സമൂഹങ്ങളുടെ ഭാഷയില്‍ ആദ്യമായി അറിയപ്പെട്ട പരിഭാഷ മന്‍സൂര്‍ ബിന്‍ നൂഹി (ക്രി 961-976) ന്റെ ഭരണ കാലത്ത് ഇമാം ത്വബരി (മ. ക്രി: 923) യുടെ വ്യാഖ്യാനത്തിന്റെ സംഗ്രഹ സമേതം പൂര്‍ത്തിയാക്കപ്പെട്ട പേര്‍ഷ്യന്‍ പരിഭാഷയാകുന്നു. ആ പരിഭാഷയുടെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നുണ്ട്:
ഇമാം മുഹമ്മദ് ബിന്‍ ജരീര്‍ അത്ത്വബ്‌രിയുടെ വ്യാഖ്യാനത്തിന്റെ ശരിയായ സമ്പൂര്‍ണ്ണ പേര്‍ഷ്യന്‍ പരിഭാഷയാണിത്. ബഗ്ദാദില്‍നിന്നു ഈ ഗ്രന്തം (ത്വബരിയുടെ അറബി മൂലം) വരുത്തിയത് മന്‍സൂര്‍ ബിന്‍ നൂഹ് ആയിരുന്നു. നാല്‍പത് വോള്യങ്ങളിലായിരുന്ന അത് അറബിയില്‍ വായിച്ചു മനസ്സിലാക്കാന്‍ പ്രയാസം തോന്നിയപ്പോള്‍ അത് പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചു. അതു പരിഭാഷപ്പെടുത്തല്‍ അനുവദനീയമാണോ എന്നു അദ്ദേഹം പേര്‍ഷ്യന്‍ പ്രദേശത്തുള്ള പണ്ഡിതന്മാരോട് വിധിയന്വേഷിച്ചു. 'ഒരു പ്രവാചകനെയും തന്റെ ജനതയുടെ ഭാഷയിലല്ലാതെ നാം നിയോഗിച്ചിട്ടില്ല; അവര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടി' (ഇബ്‌റാഹീം: 4) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍ അറബി അറിയാത്തവരുടെ പ്രയോജനത്തിനുവേണ്ടി അത് പരിഭാഷപ്പെടുത്തല്‍ അനുവദനീയമാണെന്നു അവര്‍ വിധി നല്‍കി. മൂല ഗ്രന്ഥത്തിന്റെ പത്തില്‍ ഒരംശം മാത്രം വരുന്ന ഒരു സംഗ്രഹ പരിഭാഷയാണ് തയ്യാറാക്കപ്പെട്ടത്.
ത്വബരിയുടെ വ്യാഖ്യാനത്തിന്റെ പരിഭാഷ പദാനുപദമാണ് നിര്‍വഹിക്കപ്പെട്ടത്. പേര്‍ഷ്യന്‍ പദങ്ങളുടെ ക്രമമോ സന്ദര്‍ഭമോ പാലിക്കാതെ, മുസ്ഹഫിലെ സൂക്തങ്ങളുടെ നേരെ താഴെ അതിന്റെ പേര്‍ഷ്യന്‍ പദങ്ങള്‍ എഴുതപ്പെട്ടു. ഇതിനെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ ധാരാളം പരിഭാഷകള്‍ ഉടലെടുത്തു. പേര്‍ഷ്യന്‍ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങള്‍ അവ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രഥമ തുര്‍ക്കി പരിഭാഷകള്‍
തുര്‍ക്കി ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷയുടെ ആരംഭ നിര്‍ണയം സംബന്ധിച്ച രണ്ടഭിപ്രായങ്ങളുണ്ട്.    പ്രൊഫ. സകീ വലീദി തൗഗാന്റെതാണ് ഒന്ന്. ത്വബരിയുടെ വ്യാഖ്യാനത്തിന്റെ പേര്‍ഷ്യന്‍ പരിഭാഷ തയ്യാറാക്കപ്പെട്ട കൂട്ടത്തില്‍തന്നെ അതിന്റെ തുര്‍ക്കി പരിഭാഷയും തയ്യാറാക്കപ്പെട്ടിരുന്നുവെന്നുള്ളതാണ്. പരിഭാഷാ ജോലികള്‍ നിര്‍വ്വഹിച്ചവരില്‍ തുര്‍ക്കി പണ്ഡിതന്മാരുമുണ്ടായിരുന്നുവെന്നും പേര്‍ഷ്യന്‍ പരിഭാഷ പോലെത്തന്നെ മുസ്ഹഫിന്റെ വരികള്‍ക്കിടയിലാണ് തുര്‍ക്കി പരിഭാഷയും തയ്യാറാക്കപ്പെട്ടതെന്നും പ്രൊഫ. തൗഗാന്‍ അഭിപ്രായപ്പെടുന്നു.
പ്രൊഫ. മുഹമ്മദ് ഫുആദ് കോബര്‍ലി, പ്രൊഫ. അബ്ദുല്‍ ഖാദിര്‍ ഐനാന്‍ തുടങ്ങിയവര്‍ ഉള്‍കൊള്ളള്ളുന്ന രണ്ടാമത്തെ പക്ഷത്തിന്റെ അഭിപ്രായം ഉപര്യുക്ത പേര്‍ഷ്യന്‍ പരിഭാഷ പ്രത്യക്ഷപ്പെട്ടു ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ് (ഹി. അഞ്ചാം ശതകം/ക്രി. പതിനൊന്നാം ശതകം) ആദ്യ തുര്‍ക്കി പരിഭാഷ പ്രത്യക്ഷപ്പെട്ടതെന്നാണ്.
ഈ പരിഭാഷകളൊന്നുംതന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ലഭ്യമായ അറിവുകള്‍ വെച്ചുനോക്കുമ്പോള്‍ നമുക്ക് കൈയണഞ്ഞ പ്രഥമ തുര്‍ക്കി പരിഭാഷ പൗരസ്ത്യ തുര്‍ക്കി ഭാഷയില്‍ ഹി.734 ല്‍ (ക്രി. 1333) എഴുതപ്പെട്ടതും ഇസ്തംബൂളിലെ ഇസ്‌ലാമിക് മ്യൂസിയത്തില്‍ 73 ാം നമ്പറായി സൂക്ഷിക്കപ്പെട്ടതുമായ പരിഭാഷയാണ്. ഈ പരിഭാഷ പേര്‍ഷ്യന്‍ പരിഭാഷയുടെ ശൈലിയിലാണ് എഴുതപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
ക്രി.പി. പന്ത്രണ്ടും പതിനാറും നൂറ്റാണ്ടുകള്‍ക്കിടയില്‍ എഴുതപ്പെട്ട ആറു തുര്‍ക്കി പരിഭാഷകളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഇവയില്‍ രണ്ടിനമുണ്ട്. ഒന്നു പദാനുപദ പരിഭാഷ. രണ്ടാമത്തേത് വിശാലമായ ആശയ വിവര്‍ത്തനം, അല്ലെങ്കില്‍ വ്യാഖ്യാന സംഗ്രഹം. തുര്‍ക്കിയില്‍ മുഹമ്മദ് ബിന്‍ ഹംസ ക്രി. പതിനഞ്ചാം ശതകത്തില്‍ പദാനുപദം തയ്യാറാക്കിയ ഒരു പരിഭാഷ ഈയടുത്ത കാലത്ത് ഡോ. അഹ്മദ് തൂബാന്‍ നിശിതമായ പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കിയിട്ടുണ്ട്. ഈ പരിഭാഷയും അതില്‍ ചേര്‍ക്കപ്പെട്ട അനുബന്ധങ്ങളും അത്യധികം പ്രയോജനകരങ്ങളാണ്.
ആദ്യകാല തുര്‍ക്കി പരിഭാഷകളുടെ കാര്യത്തില്‍ നാം കണക്കിലെടുക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അക്കാലത്ത് അറബി സാങ്കേതിക പദങ്ങള്‍ വിപുലമായ തോതില്‍ തുര്‍ക്കിയില്‍ കടന്നുവന്നിരുന്നില്ല. അതിനാല്‍, അറബി സാങ്കേതിക പദങ്ങള്‍ക്കു തുല്യമായ ശബ്ദം തുര്‍ക്കിയില്‍ ലഭിക്കാതെ പോവുകയും വിപുലമായ പദ സമൂഹങ്ങളാല്‍ അവ പരിഭാഷപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, പില്‍ക്കാല പരിഭാഷകള്‍ പരിശോധിച്ചാല്‍ മിക്കവാറും അറബി സാങ്കേതിക ശബ്ദങ്ങള്‍ തുര്‍ക്കിയില്‍ കടന്നുവന്നിള്ളുതായി കാണാം. അതുപോലെത്തന്നെ, പൂര്‍വ്വിക തുര്‍ക്കി പരിഭാഷകളില്‍, പേര്‍ഷ്യന്‍ പരിഭാഷകളിലെന്നതുപോലെ തുര്‍ക്കി പദങ്ങളുടെ ക്രമം പാലിച്ചിരുന്നുമില്ല.
തുര്‍ക്കി പരിഭാഷാ രംഗത്ത് പിന്നീട് ഒരു വലിയ മുന്നേറ്റം തന്നെയുണ്ടായി. ധാരാളം കൈയെഴുത്തു പ്രതികള്‍ തയ്യാറാക്കപ്പെട്ടു. അച്ചടി വിദ്യ പരിഭാഷകളുടെ പ്രചരണത്തിന് വലിയ സംഭാവനകളര്‍പ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ പരിഭാഷാ രംഗത്ത് അഭൂതപൂര്‍വ്വമായ മുന്നേറ്റമുണ്ടായി എന്നത് ഏറെ ശ്രദ്ധേയമാണ്.

മുസ്‌ലിംസമൂഹത്തിന്റെ ഇതര ഭാഷകളില്‍
പേര്‍ഷ്യന്‍-തുര്‍ക്കി ഭാഷകള്‍ക്കു ശേഷം ഏറ്റവും പ്രചാരമുള്ള ഭാഷകളാണ് ഉര്‍ദു, മലയ, ബംഗാളി ഭാഷകള്‍. ഈ മൂന്നു ഭാഷകളിലുള്ള പ്രഥമ ഖുര്‍ആന്‍ പരിഭാഷകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഇസ്തംബൂളിലെ റിസര്‍ച്ച് സെന്റര്‍ സമ്പാദിച്ച വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്:

ഉര്‍ദു:
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും പ്രചാരമുള്ള ഭാഷ ഉര്‍ദു ആണെന്നത് അവിതര്‍ക്കിതമാണ്. മതവിഷയങ്ങളില്‍ ആധുനികവും പൗരാണികവുമായ അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയും പരിഭാഷപ്പെടുത്തപ്പെടുകയും ചെയ്ത ഒരു ഭാഷകൂടിയാണ് ഉര്‍ദു. ഡോ. ഹമീദുല്ല തന്റെ പഠനങ്ങളില്‍ ധാരാളം ഉര്‍ദു പരിഭാഷകള്‍ ഉള്ളതായി  പറയുന്നുണ്ടെങ്കിലും നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഉര്‍ദു പരിഭാഷകളുടെ ആവിര്‍ഭാവത്തെക്കുറിച്ച് ഖണ്ഡിതമായ ഒരു വിവരവും അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല.

മലയ:
ആധുനിക ഇന്തോനേഷ്യന്‍ ഭാഷയുടെ ഉല്‍ഭവമാണ് മലയ. ക്രി. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍  ആസിഹ് പ്രദേശത്തില്‍പെട്ട സിങ്കയിലെ പ്രസിദ്ധ പണ്ഡിതന്‍ അബ്ദുര്‍റഊഫ് ഫാന്‍സൂരി ഖുര്‍ആന്‍ മലയയിലേക്കു പരിഭാഷപ്പെടുത്തി.

ബംഗാളി:
വേങ്ങ് പൂരില്‍പെട്ട മതക്പൂര്‍ ഗ്രാമക്കാരനായ മൗലവി അമീറുദ്ദീന്‍ ബശൂനിയ ഖുര്‍ആന്റെ മുപ്പതാം ജുസ്ഇന് ഒരു പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്. അത് മരത്തിന്റെ അച്ചില്‍ അടിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ കൃത്യമായ തിയതി അറിയില്ലെങ്കിലും ബംഗാളി ഭാഷയിലെ പ്രഥമ പരിഭാഷ അതാണെന്ന് കരുതപ്പെടുന്നു.
ക്രി. 1881-1886 ല്‍ ഒരു ഭ്രഹ്മണനായ ഗ്രേഷ് ചന്ദ് റോഷന്‍ ഒരു സമ്പൂര്‍ണ ബംഗാളി പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.
ബംഗാളി അക്കാദമിയുടെ മുന്‍ ഡയറക്ടര്‍ അലി അഹ്‌സന്‍ എഴുതിയ ഒരു ലേഖനത്തോട് കടപ്പെട്ടുകൊണ്ട്, ബംഗാളി പരിഭാഷകള്‍ രംഗപ്രവേശം ചെയ്യാന്‍ താമസിച്ചതിന് ഒരു ന്യായീകരണം കണ്ടെത്താനാകും. ആ പ്രദേശങ്ങളിലെ ഔദ്യോഗിക വൈജ്ഞാനിക ഭാഷകള്‍ അറബി, പേര്‍ഷ്യന്‍, ഉര്‍ദു എന്നിവയായിരുന്നു. ജനങ്ങളാകട്ടെ, പരിഭാഷകള്‍ ഖുര്‍ആന്റെ മഹത്വത്തിന് നിരക്കുന്നതല്ലെന്ന് വിശ്വസിക്കുന്നവരും. ബംഗാളി ജനകീയ വിപ്ലവത്തോടെയാണ് ഈ സ്ഥിതി മാറിയത്. അതോടെ അച്ചടി യന്ത്രങ്ങള്‍ വ്യാപിക്കുകയും പരിഭാഷാ വിപ്ലവം തന്നെ തുടങ്ങുകയും ചെയ്തു.

ചൈനീസ്:
ശൈഖ് ല്യൂഷി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വിശുദ്ധ ഖുര്‍ആന്റെ ഏതാനും ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി. അദ്ദേഹത്തെ തുടര്‍ന്ന് ശൈഖ് മാഫൂഷോ ഇരുപത് ജുസ്ഉകളുടെ പരിഭാഷ പൂര്‍ത്തിയാക്കി.
ഷാങ് ഹായിലുള്ള ഇസ്‌ലാമിക് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ 1921 ല്‍ അഞ്ചു ജുസ്ഉകളുടെ ചൈനീസ് പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. ബാക്കി ഭാഗങ്ങള്‍ ചൈനയിലെ അഭ്യന്തര യുദ്ധക്കാലത്ത് വിനഷ്ടമായി.
1927 ല്‍ ലീ ടിക് ചിങ് ഒരു പരിപൂര്‍ണ ചൈനീസ് പരിഭാഷ തയ്യാറാക്കി. റോഡ് വെല്ലിന്റെ ഇംഗ്ലീഷ് പരിഭാഷയെ അവലംബിച്ച് ജപ്പാനീസില്‍ തയ്യാറാക്കിയ ഒരു പരിഭാഷയായിരുന്നു അദ്ദേഹം ആശ്രയിച്ചത്. ചൈനീസ് ഭാഷയിലെ ആദ്യത്തെ സമ്പൂര്‍ണ പരിഭാഷ ഇതാണ്.
ഇസ്‌ലാം മതമാശ്ലേശിച്ചു തുടങ്ങിയ ഇതര ജന വിഭാഗങ്ങളുടെ ഭാഷകളിലും ഖുര്‍ആന്‍ പരിഭാഷകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. 1981 ല്‍ പൂര്‍ത്തിയായ കൊറിയന്‍ പരിഭാഷ ഇതിരൊരു ഉദാഹരണമാണ്.
ചില പൗരസ്ത്യന്‍ നാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ആളുകള്‍ പുതിയ ഖുര്‍ആന്‍ പരിഭാഷകള്‍ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നതായി നേരില്‍ മനസ്സിലാക്കാന്‍ സാധിച്ചു. അവരുടെ കൈവശമുള്ള യൂസുഫ് അലിയുടെ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ചു തയ്യാറാക്കപ്പെട്ട പരിഭാഷകളില്‍ അവര്‍ സംതൃപ്തരല്ല.
ഈ അടുത്ത കാലത്തായി ധാരാളം ഇസ്‌ലാമിക സംഘടനകള്‍ ഈ രംഗത്ത് പല സേവനങ്ങളും നടത്തിവരുന്നുണ്ട്. ആഫ്രിക്കന്‍ ഭാഷകളില്‍ ഖുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. അതിന്റെ സമ്പൂര്‍ണ വിവരം ഇനിയും ലഭിച്ചിട്ടില്ല.
മൊത്തത്തില്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സംഘടനകളോ വ്യക്തികളോ തയ്യാറാക്കിയ വിവിധ ഭാഷകളിലുള്ള അനേകം ഖുര്‍ആന്‍ പരിഭാഷകളുണ്ട്. പലതും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഖുര്‍ആന്‍ പരിഭാഷയുടെ പ്രാധാന്യത്തിലേക്കും അനറബി മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആന് നല്‍കിയ പ്രാധാന്യത്തിലേക്കുമാണത് വിരല്‍ ചൂണ്ടുന്നത്.
ഖുര്‍ആന്‍ മുസ്‌ലിംകളുടെ മൂല പ്രമാണമെന്ന രീതിയില്‍ അതിന്റെ പരിഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അല്‍ അസ്ഹര്‍ സര്‍വകലാശാല, മതകാര്യ വകുപ്പ് തുടങ്ങിയവ മുപ്പതുകളില്‍ ഈ ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ ശ്രമിച്ചിരുന്നുവെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍, അനര്‍ഹരും മത വിജ്ഞാനത്തിലും അറബി ഭാഷയിലും ആവശ്യമായ അവഗാഹമില്ലാത്തവരുമായ ധാരാളം ആളുകള്‍ ഇക്കാലത്ത് പരിഭാഷാ രംഗത്തേക്ക് എടുത്തു ചാടിയിട്ടുണ്ടെന്നുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍, ഈ രംഗത്ത് ഒരു ഔദ്യോഗിക മേല്‍നോട്ടം അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്.

യൂറോപ്യന്‍ ഭാഷകളില്‍

യൂറോപ്യന്‍ ഭാഷകള്‍ പരിശോധിച്ചാല്‍ പരിഭാഷകള്‍ വളരെ വൈകിപ്പോയിട്ടുള്ളതായി മനസ്സിലാക്കാം. സുരിയാനി, ഹിന്ദി തുടങ്ങിയ പൗരസ്ത്യന്‍ ഭാഷകളില്‍ വളരെ മുമ്പു മുതല്‍ക്കേ ഖുര്‍ആന്‍ പരിഭാഷകള്‍ തയ്യാറാക്കപ്പെട്ടുവെന്നു കാണുമ്പോള്‍ തന്നെ, ലാറ്റിന്‍ ഭാഷയില്‍ ആദ്യമായി ഖുര്‍ആന്‍ പരിഭാഷ തയ്യാറായത് പീറ്റര്‍ വെനേറബിളിന്റെ (1092-1152) അദ്ധ്യക്ഷതയിലുള്ള ഒരു വൈജ്ഞാനിക സമിതിയുടെ ആഭിമുഖ്യത്തില്‍ 1143 ല്‍ ആയിരുന്നുവെന്നു കാണാം. മാര്‍ട്ടിന്‍ ലൂഥറുടെ നിര്‍ദ്ദേശപ്രകാരം 1543 ല്‍ മാത്രമാണ് ഇത് പ്രിന്റ് ചെയ്തത്.
പരിഭാഷാ രംഗത്തുണ്ടായ ഗുരുതരമായ ഈ കാലതാമസം നമ്മുടെ ശ്രദ്ധ ഉണര്‍ത്തേണ്ടതുണ്ട്. പടിഞ്ഞാറ് സ്‌പെയിന്‍ പ്രദേശങ്ങളിലും കിഴക്ക് റോമന്‍ പ്രദേശങ്ങളിലും വളരെ നേരത്തെത്തനെ മുസ്‌ലിംകളും യൂറോപ്യന്മാരും തമ്മില്‍ ഇടപഴകിയിരുന്നുവെന്നത് നാം വിസ്മരിക്കരുത്. യൂറോപ്യന്‍ ഭാഷകളിലെ പ്രഥമ പരിഭാഷ നിര്‍ണയിക്കുന്നതിന് കയ്യെഴുത്തു പ്രതികളുടെ വിപുലമായ പരിശോധന ആവശ്യമായിരിക്കുകയാണ്.
പീറ്റര്‍ വേനേറബിളിന്റെ സമിതിയുടെ പരിഭാഷക്കു ശേഷം പൂര്‍ണവും അപൂര്‍ണവുമായ ധാരാളം പരിഭാഷകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്.
അല്‍ഫോന്‍സ് പത്താമന്റെ (1252-1284) നിര്‍ദ്ദേശമനുസരിച്ച് അബ്രഹാം തലൂത്തലി 70 ഭാഷകള്‍ സ്‌പെയിന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നതായി യഹൂദ എന്‍സൈക്ലോപീഡിയ പറയുന്നു. ബൊണാവെഞ്ചറ ഫ്രാന്‍സ് ഭാഷയില്‍ തയ്യാറാക്കിയ പരിഭാഷയുടെ അവലംബം ഈ സ്‌പെയിന്‍ പരിഭാഷ ആയിരുന്നുവത്രെ.
ഏറെക്കാലം ഇസ്തംബൂളിലും ഈജിപ്തിലും ജീവിച്ചിരുന്ന ആന്‍ഡര്‍-ഡ്യു-റിയര്‍ അറബിയില്‍നിന്നു നേരില്‍ പരിഭാഷപ്പെടുത്തുകയും 'മുഹമ്മദിന്റെ ഖുര്‍ആന്‍' എന്ന പേരില്‍ 1647 ല്‍ പാരീസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് പല തവണ പ്രസിദ്ധീകരിക്കപ്പെടുകയും അനേകം യൂറോപ്യന്‍ പരിഭാഷകള്‍ക്കു അവലംബമായി തീരുകയും ചെയ്തിട്ടുണ്ട്.
ഡ്യൂറയറിന്റെ ഫ്രഞ്ച് പരിഭാഷയെ അധികരിച്ച് അലക്‌സാണ്ടര്‍ റോസ് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുകയും 1649 ല്‍ ലണ്ടനില്‍ പ്രിന്റു ചെയ്യുകയും ചെയ്തു. ഈ കൃതിയാണ് ആദ്യ ഇംഗ്ലീഷ് പരിഭാഷയെന്നതാണ്  നമുക്ക് ലഭിച്ച രേഖകളില്‍ നിന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന്, ജോര്‍ജ് സൈല്‍ അറബിയില്‍നിന്ന്  നേരിട്ട് പരിഭാഷപ്പെടുത്തുകയും 1734 ല്‍ ലണ്ടനില്‍ അത് അച്ചടിക്കുകയം ചെയ്തു. ഇംഗ്ലണ്ടിലും അമേരിക്കയിലുമായി ഇതിന്റെ ധാരാളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും മറ്റനേകം പരിഭാഷകള്‍ക്കത് അവലംബമായിത്തീരുകയും ചെയ്തു.
ഈ പഠനത്തിന്റെ സമാപനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ ഒരു സമ്പൂര്‍ണ പട്ടിക തയ്യാറാക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിലവിലുള്ളവ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണെങ്കിലും അപര്യപ്തങ്ങളാണെന്ന് പറയാതെ വയ്യ. ലോകത്തെ ഒരു പ്രധാന ഗ്രന്ഥാലയമായ അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറി പരിശോധിച്ചതില്‍നിന്നുതന്നെ (1956 വരെ) ഡോ. ഹമീദുല്ലായുടെ പട്ടിക (1980 ലെ പതിപ്പ്) രണ്ട് സ്പാനിഷ് പരിഭാഷകളും രണ്ട് ചെക്ക് പരിഭാഷകളും ഒരു ഇംഗ്ലീഷ് പരിഭാഷയും പരാമര്‍ശിക്കാതെ പോയതായി കണ്ടെത്തിയിരിക്കുന്നു. അതുപോലെത്തന്നെ, ബ്രിട്ടീഷ് ലൈബ്രറിയുടെയും ഫ്രാന്‍സ് നേഷ്‌നല്‍ ലൈബ്രറിയുടെയും ഗ്രന്ഥാവലികള്‍ പരിശോധിച്ചതില്‍ ഉപര്യുക്ത പട്ടിക ചില പരിഭാഷകളുടെ ആവര്‍ത്തിച്ചുള്ള പതിപ്പുകളെ സംബന്ധിച്ച വിവരം നല്‍കുന്നില്ലെന്ന് മനസ്സിലായി.
ഇതിനാല്‍ സാധ്യമായ മുഴുവന്‍ ഗ്രന്ഥ സൂചികളും പട്ടികകളും അനിവാര്യമായും പഠന വിധേയമാക്കേണ്ടതുണ്ട്. ആരും ഇതേ വരെ ഗവേണത്തിന് വിധേയമാക്കിയിട്ടില്ലാത്ത ധാരാളം കൈയെഴുത്തു പ്രതികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുള്ളതാണ്. ഖുര്‍ആന്‍ പരിഭാഷകളിലായി ധാരാളം വിജ്ഞാനം വ്യാപിച്ചുകിടക്കുന്നുവെന്നുള്ളതും നാം പരിഗണിക്കേണ്ടതുണ്ട്.
(ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്, മലപ്പുറം)