width=വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനങ്ങള്‍ക്കു നാം പൊതുവെ പരിഭാഷകള്‍ എന്നു പറഞ്ഞുവരുന്നു. ദിവ്യഗ്രന്ഥത്തിന്റെ ആശയങ്ങള്‍ ആവുംവിധം വ്യക്തമാക്കുന്ന അത്തരം പരിഭാഷകള്‍ ലോക ഭാഷകളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രചാരത്തിലുണ്ടായിരുന്നു. മലയാള ഭാഷയില്‍ ആദ്യമായി ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങിയത് 19 ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. കണ്ണൂരിലെ മായന്‍ കുട്ടി എളയ എന്ന ഒരാള്‍ മുപ്പത് വോള്യങ്ങളിലായി ഖുര്‍ആന്‍ മുഴുവനും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. ഹി. 1272 ലാണ് പരിഭാഷയുടെ ജോലി ആരംഭിച്ചത്. നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസ് കോപ്പി തയ്യാറായി. ഈ ഖുര്‍ആന്‍ ഭാഷ്യത്തിന്റെ പേര് തര്‍ജുമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍ എന്നായിരുന്നു.

തലശ്ശേരിയിലെ സമ്പന്ന കുടുംബമായ കേയി തറവാട്ടിലാണ് മായന്‍ കുട്ടി ജനിച്ചത്. പിതാവ് പ്രാമാണിക വ്യാപാരിയായ അബ്ദുല്‍ ഖാദിര്‍ കേയിയായിരുന്നു. പ്രസിദ്ധ പണ്ഡിതനായ തലശ്ശേരി ഖാസി മുഹമ്മദ് മുസ്‌ലായിരുടെ പ്രധാന ശിഷ്യനാണ് മായന്‍ കുട്ടി. മുഹ്‌യുദ്ദീന്‍ ബിന്‍ അബ്ദില്‍ ഖാദിര്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. വിവിധ വിജ്ഞാന ശാഖകളില്‍ പ്രവീണരായ പണ്ഡിതരെ വീട്ടില്‍ താമസിപ്പിച്ചാണ് മായന്‍ കുട്ടിക്ക് പിതാവ് വിജ്ഞാനം നല്‍കിയത്.

കണ്ണൂര് അറക്കല്‍ കൊട്ടാരത്തില്‍നിന്ന് വിവാഹം കഴിച്ചതോടെ മായന്‍ കുട്ടി, എളയ എന്ന പേരില്‍ പ്രസിദ്ധനായി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ശുഅബുല്‍ ഈമാന്‍ എന്ന പേര്‍ഷ്യന്‍ ഗ്രന്ഥം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് മായിന്‍ കുട്ടിയായിരുന്നു. തികഞ്ഞ സമ്പന്നനും പണ്ഡിതനുമായ അദ്ദേഹം  അറക്കല്‍ കൊട്ടാരത്തില്‍ എഴുത്തുകാരെ ശമ്പളം കൊടുത്തു താമസിപ്പിച്ചു. ഖുര്‍ആന്‍ ഭാഷ്യത്തിന്റെ നൂറുക്കണക്കിന് കോപ്പികള്‍ തയ്യാറാക്കി അവയെല്ലാം പ്രമുഖ തറവാടുകളിലേക്ക് അയച്ചുകൊടുത്തു.

ഈ ഖുര്‍ആന്‍ ഭാഷ്യത്തിന്റെ ഒന്നാം ഭാഗം എഴുതിയത് അരീക്കോട് അഹ്മദ് ബിന്‍ ഐദ്രോസായിരുന്നു. ഹി. 1294 ല്‍ അവസാനത്തെ ആറാം ഭാഗം പുറത്തിറങ്ങി. ആദ്യഭാഗങ്ങളുടെ രണ്ടാം പതിപ്പ് തലശ്ശേരിയില്‍ നിന്നാണ് മുദ്രണം ചെയ്തത്. പരിഭാഷ അച്ചടിക്കാന്‍ വേണ്ടി അറക്കല്‍ കൊട്ടാരത്തിനടുത്ത് ഒരു ലിത്തോ പ്രസ്സും അദ്ദഹം സ്ഥാപിച്ചു. മക്കയിലെ കേയീ റുബാത്ത് സ്ഥാപിച്ചത് ഈ പണ്ഡിത വര്യനായിരുന്നു. ഹി. 1292 ല്‍ പത്‌നി സമേതം ഹജ്ജിനുപോയ കാലത്താണ് ഇതിനു രൂപംകൊടുത്തത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയുടെ മുഴുവന്‍ വോള്യങ്ങളും അറക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്നു.

പ്രശസ്ത പണ്ഡിതനായ മര്‍ഹൂം കുഞ്ഞിബാവ മുസ്‌ലിയാര്‍ രണ്ടു ജുസ്അ് അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദ്യകാല സെക്രട്ടറിമാരില്‍ പ്രമുഖനായ  മര്‍ഹൂം പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അല്‍ കഹ്ഫ് സൂറത്തിന്റെ പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്.  അല്‍ വാഖിഅ, യാസീന്‍, തബാറക്ക തുടങ്ങിയ സൂറകളുടെ അറബി മലയാള പരിഭാഷയും വര്‍ഷങ്ങള്‍ക്കമുമ്പ് പൊന്നാനിയില്‍നിന്ന് മുദ്രണം ചെയ്തിട്ടുണ്ട്. അതിലൊന്നും വിവര്‍ത്തകരുടെ പേര് ചേര്‍ത്തുകാണുന്നില്ല.

ഉല്‍പ്പത്തിഷ്ണുവായിരുന്ന വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി ദീപിക എന്ന മാസികയിലുടെ ഖുര്‍ആന്‍ വിവര്‍ത്തനം ആരംഭിച്ചിരുന്നു. അതില്‍ സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ പല ആശയങ്ങളും ഉണ്ടായിരുന്നു. ഇക്കാരണത്താല്‍, സുന്നിപണ്ഡിതരുടെ വിമര്‍ശനത്തിന് അത് വിധേയമാവുകയുണ്ടായി.

1935 ല്‍ മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച രണ്ട് ജുസ്അ് പരിഭാഷ പുറത്തിറങ്ങി. മോഡേണ്‍ ചിന്താഗതികള്‍ പരിഭാഷയിലുടനീളം ഉണ്ടായിരുന്നു. പണ്ഡിതരുടെ എതിര്‍പ്പ് കാരണം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സതംഭിച്ചു. പി.കെ. മൂസ മൗലവി, പി. മുഹമ്മദ് മൊയ്തീന്‍ എന്നീ രണ്ടുപേര്‍ ചേര്‍ന്ന് അമ്മ ജുസ്ഇന്റെ പരിഭാഷ പുറത്തിറക്കുകയുണ്ടായി. ഈ ഗ്രന്ഥകാരന്മാര്‍ക്ക് ഐക്യസംഘവുമായി ബന്ധമുണ്ടായിരുന്നത് കാരണം ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചില്ല. കെ.എം. മൗലവിയുടെ അര ജുസ്ഇന്റെ പരിഭാഷയും മുമ്പെന്നപോലെ വിമര്‍ശന വിധേയമാവുകയാണ് ചെയ്തത്. സി.എന്‍. അഹ്മദ് മൗലവിയുടെ ഏഴര ജുസ്ഇന്റെ പരിഭാഷ പുറത്തിറങ്ങിയതോടെ കേരളത്തില്‍ നൂതനാശയങ്ങളുടെ കൊടുങ്കാറ്റാരംഭിച്ചു. അതിനെതിരില്‍ ആദ്യമായും തൂലികയെടുത്ത പ്രഗല്‍ഭ പണ്ഡിതനാണ് സ്വദഖത്തുല്ലാ മൗലവി. അദ്ദേഹം അല്‍ ബയാനിലൂടെ സി.എന്‍. വാദഗതികള്‍ക്ക് ശക്തമായ ഖണ്ഡനം പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ വ്യാഖ്യാനത്തിന് സലഫുസ്വാലിഹുകളുടെ മാര്‍ഗം തള്ളിയതായിരുന്നു സി.എന്നിന് പിണഞ്ഞ അബദ്ധം. തന്റെ മനസ്സാക്ഷിക്ക് പറ്റിയതെന്തും അവലംബിക്കുക, അല്ലാത്തതെല്ലാം തള്ളിക്കളയുക എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഏതായാലും അതേ പടി ഖുര്‍ആനിന്റെ ബാക്കി ഭാഗങ്ങള്‍ മുഴുവന്‍ സി.എന്‍ മൗലവി പരിഭാഷപ്പെടുത്തി. മലയാളത്തില്‍ പൂര്‍ണമായൊരു ഖുര്‍ആന്‍ ഭാഷ്യമായിരുന്നു അത്.

ഇത് പുറത്തുവന്നതോടെ ഉല്‍പത്തിഷ്ണുക്കളായ മൗലവിമാര്‍ക്കുപോലും ദഹിക്കാതെയായി. പരമ്പരാഗതമായി ഖുര്‍ആന്‍ പഠിപ്പിച്ച നിരവധി ആശയങ്ങള്‍ പരിഭാഷയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മുഅ്ജിസത്ത് നിഷേധംവരെ ഈ പരിഭാഷയില്‍ കടന്നുകൂടി. സാക്ഷാല്‍ മതപരിത്യാഗം വളര്‍ത്തുന്ന ക്ഷുദ്രകൃതിയായി ആഗ്രന്ഥം മാറി. ഈ പരിതസ്ഥിതിയിലാണ് സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തെളിമയുള്ള ഒരു ഖുര്‍ആന്‍ ഭാഷ്യത്തിന്റെ അനിവാര്യത എല്ലാവരുടെയും മനസ്സില്‍ തെളിഞ്ഞത്. മര്‍ഹൂം ബാഫഖി തങ്ങള്‍ ഇക്കാര്യം പലരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മുട്ടാണിശേരില്‍ കോയക്കുട്ടി ഒരു പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിക്കുകയുണ്ടായി. മാര്‍മഡ്യൂക് പിക്താളിന്റെ പരിഭാഷയുടെ മാതൃകയിലായിരുന്നു അത്.

ഇത്തരം പരിഭാഷകളില്‍ കടന്നുകൂടിയിട്ടുള്ള ബിദ്അത്തുകള്‍ വിമര്‍ശിച്ചുകൊണ്ട് മൗലാനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ ഇതിനിടെ അല്‍ ബുര്‍ഹാന്‍ മാസികയിലൂടെ യഥാര്‍ത്ഥ ഖുര്‍ആന്‍ വ്യാഖ്യാനം പ്രസിദ്ധീകരിച്ചുതുടങ്ങുകയുണ്ടായി. ഓള്‍ ഇന്ത്യാ സുന്നീ ജമാഅത്ത് ചെയര്‍മാനും സമസ്തയുടെ പ്രഗല്‍ഭനായ നേതാവുമായ മൗലാനാ കെ.കെ. അബൂബക്ര്‍ ഹസ്‌റത്ത് സൂറത്ത് നൂറിന്റെ പരിഭാഷ പുറത്തിറക്കി. സമസ്തയുടെ ആശീര്‍വാദത്തോടെ പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്. മര്‍ഹൂം ടി.കെ. അബ്ദുല്ല മൗലവി തഫ്‌സീര്‍ ജലാലൈനിയുടെ പരിഭാഷയും പ്രസിദ്ധീകരിച്ചു. സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാര്‍ ഈ സേവനങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചു.

എന്നാല്‍ നൂതനാശയങ്ങളുടെ പുകമറ സൃഷ്ടിച്ച സി.എന്നിന്റെയും നദ്‌വത്തിന്റെയും പരിഭാഷകള്‍ അഭ്യസ്ഥവിദ്യരില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. കാലത്തിന്റെ നീളത്തില്‍ അത് മാറ്റമില്ലാതെ സമൂഹത്തില്‍ ഉറച്ചുപോകുമെന്ന് മനസ്സാലാക്കിയ മഹാപണ്ഡിതന്മാര്‍ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ക്കൊത്ത ഒരു ഖുര്‍ആന്‍ വ്യാഖ്യാനമെഴുതാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അതുവരെയും അവര്‍ ഈ രംഗത്തുവരാന്‍ അറച്ചുനില്‍ക്കുകയായിരുന്നു. സൂക്ഷമതയും ദൈവഭയവുമായിരുന്നു കാരണം. അല്ലാഹുവിന്റെ ഗ്രന്ഥംകൊണ്ട് യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാഴ്ച സൂക്ഷ്മാലുക്കളെ വല്ലാതെ വേദനിപ്പിച്ചു. ഭാഷാപരവും ശാസ്ത്രീയവുമായ പരിജ്ഞാനക്കുറവ് വലിയൊരു തടസ്സമായിരുന്നു.

അല്ലാഹുവിന്റെ അനുഗ്രഹമെന്നു പറയട്ടെ, സാഹിത്യതറവാട്ടിലെ കാരണവരും സുന്നത്ത് ജമാഅത്തിന്റെ പ്രഗല്‍ഭ പണ്ഡിതനും മുപ്പത് വര്‍ഷമായി സമസ്തയുടെ സെക്രട്ടറിയുമായിരുന്ന മൗലാനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ ധൈര്യപൂര്‍വ്വം ഈ സേവനരംഗത്തേക്ക് കടന്നുവരുകയായിരുന്നു. ആദ്യവോള്യം 1970 ല്‍ സ്വന്തം പുറത്തിറക്കിയെങ്കിലും യു.എ.ഇയിലെ അല്‍ ഐല്‍ സുന്നി യൂത്ത് സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ നിലവില്‍ വന്ന സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ പരിഭാഷയുടെ പ്രസിദ്ധീകരണ ചുമതല മുഴുവനും ഏറ്റെടുത്തു.

ഇതിനിടെ എസ് പി സി നാല് വോള്യങ്ങളായി ആ പരിഭാഷ പുറത്തിറക്കുകയുണ്ടായി. ഇതോടെ സുന്നത്ത് ജമാഅത്തിന്റെ ചിന്താഗതികള്‍ക്കനുസൃതമായി ഖുര്‍ആന്‍ വിശദീകരിക്കുന്ന ഒരു ഉന്നത മലയാള തഫ്‌സീറാണ് മുസ്‌ലിം കേരളത്തിന് ലഭിച്ചിരിക്കുന്നത്. കെ. ഉമര്‍ മൗലവിയുടെയും സി.എന്നിന്റെയും മറ്റു നവീന പരിഭാഷാ കര്‍ത്താക്കളുടെയും അടിബലമില്ലാത്ത വാദഗതികളെയും ദുര്‍വ്യാഖ്യാനങ്ങളെയും അതിശക്തമായി എതിര്‍ക്കുകയും മഹാന്മാരായ സ്വഹാബത്തിന്റെയും താബിഉകളുടെയും വീക്ഷണങ്ങള്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്ന കെ.വിയുടെ 'ഫതഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' സലഫുസ്സ്വാലിഹുകളുടെ തഫ്‌സീരിന്റെ മലയാള നിദര്‍ശനമായി നമുക്ക് സ്വീകരിക്കാം.

അല്‍ ഹാജ് ദാവൂദ് ബാഷയാണ് ആദ്യമായി തമിഴില്‍ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കിയത്. ഇതിന് ഖാദിയാന്‍ വിഭാഗമായി ലാഹൂരികളുടെ പരിഭാഷയോട് വീക്ഷണത്തില്‍ സാമ്യതയുണ്ടായിരുന്നു. ഇക്കാരണത്താല്‍ സുന്നത്ത് ജമാഅത്തിലെ പണ്ഡിതരുടെ എതിര്‍പ്പുണ്ടായി. തന്‍മൂലം പരിഭാഷ പൂര്‍ണമായും പുറത്തുവരാന്‍ കഴിഞ്ഞില്ല. 1943 ല്‍ മൗലവി അബ്ദുല്‍ ഹമീദ് മുപ്പത് വോള്യങ്ങളിലായി ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. അതിന് വേലൂര്‍ ബഖിയാത്ത് സ്വാലിഹാത്തിന്റെ അംഗീകരണം ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഈ ശ്രമം വിജയകരമായിരുന്നു. അഹ്‌ലുസ്സുന്നത്തിന് വിരുദ്ധമായി യാതൊന്നും ഈ പരിഭാഷയില്‍ പ്രതിപാദിച്ചിട്ടില്ല.
ഖുര്‍ആനിക് ഡൈജസ്റ്റ്